Pages

Friday, July 10, 2026

അശാന്തിയുടെ അനന്തലോകങ്ങൾ ഇവിടെ തുടങ്ങുന്നു!

ഇന്ന് നമ്മൾ ഏറെ കേൾക്കുന്ന ഒരു പദമാണ് ലോക ക്രമം. എന്താണ് ലോക ക്രമം? എന്തിനാണ് ലോകക്രമം? ലോകമാകെ മരണദൂതന്മാർ പാറിപറക്കുമ്പോൾ, ലോകമാകെ കാൽപ്പന്തു കളിയിൽ അഭിരമിക്കുമ്പോൾ ആരുടെ പര്യായമാണ് ലോകക്രമം? ആരുടെ പദാവലി ആണ് ലോകക്രമം? ആരുടെ ആവശ്യമാണ് ഒരു പുതിയ ലോകക്രമം?

ഒന്ന് തീർച്ച, ലോകക്രമം എന്ന സങ്കൽപം തന്നെ മാറിയിരിക്കുന്നു. അരാജകത്വത്തിന്റെ പന്ഥാവിലൂടെ സഞ്ചരിക്കുന്ന അന്ധരും മൂകരും ബധിരരും ആയ ദേശരാഷ്ട്രങ്ങളുടെ ഒരു സംഘാതമായി നമ്മുടെ ആഗോള സംഘടനകൾ മാറിയിരിക്കുന്നു. ഇവിടെ നിയമങ്ങൾ ഇല്ല, നീതി ഇല്ലേ ഇല്ല, നിയതമായ യുക്തി ആകട്ടെ, പരിപൂർണമായി അസ്തമിച്ചിരിക്കുന്നു. ഈ ലോകക്രമം രണ്ടു പതിറ്റാണ്ടിലെ സുഷുപ്തിയുടെ ഒരു സംഭാവനയാണ് എന്ന് തോന്നാം. ഇവിടെ പലതും ചുരുളഴിയേണ്ടതുണ്ട്. ഇന്ന് കാണുന്ന മഹായുദ്ധത്തിന്റെ സന്നാഹങ്ങൾ ഒരു വലിയ പദ്ധതിയുടെ ദീർഘമായ പര്യവസാനമായി കാണുന്നവരുമുണ്ട്.

ഇത് തീർച്ചയായും പുതിയ ചരിത്രത്തിന്റെ അപനിർമ്മിതി തന്നെ ആണ്. നമ്മൾ തന്നെ ആശ്ലേഷിച്ച വിപണി മുതലാളിത്തം നമുക്ക് നൽകിയ ഒരു സമ്മാനമാണ് പുതിയ ഈ ലോക ക്രമം. ഈ ലോക ക്രമം, പുതിയ തരം ഭീതിയും, ശാന്തതയും അശാന്തതയും നിറഞ്ഞു നിൽക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇവിടെ യുദ്ധത്തിന്റെ ഉന്മാദവവും കൊലവിളിയുടെ ഉത്സുകതയും നിറഞ്ഞ ഒരു അന്തരീക്ഷം നമുക്ക് കാണാവുന്നതാണ്. ഓർമ്മകൾക്കും വികാരങ്ങൾക്കും ഹൃസ്വമായ ദൈർഖ്യം ഉള്ള ഒരു കാലമാണിത്. ഈ സ്ഥലകാല ബോധം സൃഷ്ടിക്കുന്നതിൽ വിവര സാങ്കേതിക വിദ്യയും മാധ്യമ സിദ്ധാന്തങ്ങളും വഹിച്ച പങ്കു ചെറുതല്ല.

ഇവിടെ ദേശരാഷ്ട്രങ്ങൾക്കു അതിർവരമ്പുകൾ നഷ്ടപ്പെട്ടിരിക്കുന്നു. ഇത് പുതു ലോകക്രമം തന്നെ ആണ്. അശാന്തിയുടെ അനന്തമായ ലോകക്രമം. ഇവിടെ അനന്തമായ അരാജകത്വവും, അതിരില്ലാത്ത അധിനിവേശവും, അനന്യമായ അനാഥത്വവും നമുക്ക് കാണാൻ കഴിയും. നമ്മളിതുവരെ കണ്ടതും, കേട്ടതും, അറിഞ്ഞതും ആയ കഥകൾ പുതിയ യാഥാർഥ്യങ്ങൾക്കു വഴിമാറുന്നു. നമ്മളേറെ അപസർപ്പക കഥകളും, ഗൂഢമായ സിദ്ധാന്തങ്ങളും ഒക്കെ കേട്ടു. അതൊക്കെ വഴിതെളിച്ചത് ഈ പുതിയ ലോക ക്രമത്തിനായുള്ള വരവേൽപ്പായിരുന്നു. ഇത് മുൻപുള്ള ലോക മഹായുദ്ധങ്ങളെക്കാളും വളരെ സവിശേഷപ്പെട്ടതായി മാറുന്നത് ഇങ്ങനെ ആണ്.

ഒന്നാം ലോകമഹായുദ്ധം, ഓട്ടോമൻ സാമ്രാജ്യത്വത്തിന്റെയും, രണ്ടാം ലോകമഹായുദ്ധം, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും അസ്തമയത്തിനു കാരണമായപ്പോൾ ഇനി വരാൻ പോകുന്ന അനന്തമായ ഹൃസ്വയുദ്ധങ്ങൾ, ലോകമെമ്പാടുമുള്ള ദേശരാഷ്ട്രങ്ങളുടെ ഉന്മൂലനത്തിനോ, അസ്തമയത്തിനോ കാരണം ആയേക്കാം. ഇവിടെ രാഷ്ട്രീയ പക്ഷങ്ങൾ ഇല്ല. എല്ലാ ഉല്പാദന, വിപണന, വിപുലീകരണ മേഖലകളിലും യാന്ത്രിക ബുദ്ധിയുടെ സഹായത്തോടെ വലിയ തോതിൽ എകികരണങ്ങൾ സാധ്യമായിരിക്കുന്നു. അതിനാൽ, ഇവിടെ നടക്കുന്ന പുതുലോക നിർമിതിയിൽ, പുത്തൻ മുതലാളിത്തത്തിന് ആശങ്ക പെടാൻ വളരെ ഒന്നും തന്നെ ഇല്ല.

പലസ്‌തീൻ വംശഹത്യകൾ മായാത്ത കനലുകളും, കണ്ണുനീരുകളും, കബന്ധങ്ങളും കൊണ്ട് നിറഞ്ഞപ്പോൾ നമ്മൾ പലതും സംശയിച്ചു. ഉക്രൈൻ തകർത്തെറിയപ്പെട്ടപ്പോൾ പല ചോദ്യങ്ങൾ ഉണ്ടായിരുന്നു. നേപ്പാൾ കത്തി എരിഞ്ഞപ്പോൾ പലതും ഓർമ്മപെടുത്തലായി . ഇന്ന്, ഇറാൻ ചാമ്പലാകുമ്പോൾ നമ്മുടെ മുൻപിൽ നെടുവീർപ്പുകളും, നീണ്ട നിഴലുകളും മാത്രം. ലോക മനസാക്ഷി എന്ന ഒന്നില്ല എന്ന തിരിച്ചറിവ്. ലോകം പുതിയ ലോകമാണ്. പുതിയ ക്രമം ആണ്. ഇവിടെ ഇടതു പക്ഷം ഇല്ല. ന്യൂന പക്ഷം ഇല്ല. ഇവിടെ പ്രതിരോധം ഇല്ല. ഇവിടെ ഉള്ളത് ഭയപ്പാടും, ഭീകരതയും, ഭ്രാന്തും, ഭീഭത്സവും ആയ രക്ത ദാഹികളുടെ മാമാങ്കം മാത്രം.

No comments:

Post a Comment